തൊടുപുഴ : പൊലീസിനെ വെട്ടിച്ചു കഞ്ചാവുമായി കടന്നവര്‍ ഓടിക്കയറിയതു പൊലീസ് സ്റ്റേഷനില്‍ .സംഭവത്തില്‍ മൂന്ന് കിലോ കഞ്ചാവുമായി നാല് പേര് അറസ്റ്റിലായി. അടിമാലി 200 ഏക്കര്‍ പുത്തന്‍പുരയ്ക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസ്ലാം നഗറില്‍ സബിര്‍ റഹ്മാന് (22), പതിനേഴുകാരന് എന്നിവരാണു അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെ കമ്ബംമെട്ടില്‍ പൊലീസ്, എക്സൈസ്, സെയില്‍ ടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു. അതിനിടെ തമിഴ്നാട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇരുചക്ര വാഹനം കേരള പൊലീസും എക്സൈസും വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു തടയാന്‍ ശ്രമിച്ചു.
പരിശോധനാ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസുകാരനും ഓടി ചെന്നുനിന്നതു കമ്ബംമെട്ട് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ്. വെപ്രാളത്തില്‍ ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പൊലീസുകാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്