തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച മെഡിക്കല്‍ ബന്ദ് ഇന്ന്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഐ.എം.എ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.എം.എയുടെയും കെ.ജി.എം.സി.ടി.എയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒ.പി ബഹിഷ്‌കരിക്കും. കോവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ സമരം ബാധിക്കില്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.
58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.