തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം​​ തിരുവനന്തപുരത്തു തുടക്കമാകുന്നു. ഇവര്‍ക്കെതിരേ നടപടി നിര്‍ദേശിക്കാനായി സുപ്രീം കോടതി ഉത്തരവു പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി തെളിവെടുക്കും.

സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷന്റെ സിറ്റിങ്ങിനായി സുരക്ഷയടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനു കത്തുനല്‍കി. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് സുരക്ഷയ്ക്ക് സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. ഇതനുസരിച്ച്‌ സംസ്ഥാന ആഭ്യന്തര സെക്രട്ടറി പോലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

14, 15 തീയതികളില്‍ സെക്രട്ടറിയേറ്റ് രണ്ടാം അനക്‌സിലെ ശ്രുതി ഹാളിലാണു കമ്മിഷന്റെ സിറ്റിങ്. സുപ്രീംകോടതിയെ സമീപിച്ച്‌ അനുകൂലവിധി സമ്പാദിച്ച മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി
നാരായണന്‍, കമ്മീഷനംഗം കൂടിയായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരുടെ സൗകര്യം കൂടി കണക്കിലെടുത്താണു തിരുവനന്തപുരത്തു തന്നെ സിറ്റിങ് നിശ്ചയിച്ചത്. കമ്മീഷനംഗവും റിട്ട ഐഎഎസ് ഉദ്യോഗസ്ഥനുമായ ബികെ പ്രസാദ്, കമ്മീഷന്‍ സെക്രട്ടറി പി.കെ. ജയിന്‍ എന്നിവരാണു ജസ്റ്റിസ് ജയിനിനൊപ്പം എത്തുന്നത്. കമ്മിഷന്റെ അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നു സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള കമ്പ്യൂട്ടര്‍ സംവിധാനം, താമസ സൗകര്യം, സുരക്ഷ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരായിരിക്കും ഒരുക്കുന്നത്.