നടക്കാനിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പക്ഷത്ത് സ്റ്റാര്‍ ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ പങ്കെടുക്കില്ല. പരിക്കുതന്നെ കാരണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ രോഹിത് ശര്‍മയും ഇഷാന്ത് ശര്‍മയും ഇല്ലാതെയാണ് വിരാട് കോലിയുടെ ടീം അഡ്ലെയ്ഡില് പിങ്ക് ടെസ്റ്റിനിറങ്ങുക. പരിക്കിനെത്തുടര്‍ന്ന് പൂര്‍ണ ഫിറ്റ്നസ് തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇഷാന്ത് ശര്‍മ ടെസ്റ്റ് സ്ക്വാഡില്‍ നിന്നും പുറത്തായത്.
രോഹിത് ശര്‍മയാകട്ടെ ഫിറ്റ്നസ് തെളിയിച്ചെങ്കിലും ക്വാറന്റൈന് ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ആദ്യ രണ്ടു ടെസ്റ്റിലും കളിക്കില്ല. അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് തിരിച്ചുപോകുമെന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായത്തില്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് പരമ്ബരയിലില്ലാത്തതാണ് ഇ്ന്ത്യയുടെ ഏറ്റവും വലിയ നഷ്ടം. ‘ഇഷാന്ത് ശര്‍മ കളിക്കാത്തത് ഇന്ത്യയുടെ വലിയ നഷ്ടമാണ്. ടെസ്റ്റില്‍ ഏറെ അനുഭവസമ്പത്തുള്ള ബൗളറാണ് അദ്ദഹം. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് കരുത്ത് കുറയും’, സ്റ്റീവ് സ്മിത്ത് ഒരു രാജ്യാന്തര സ്പോര്‍ട്സ് മാധ്യമത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റിനിടെയാണ് ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേല്‍ക്കുന്നത്. പരിക്ക് ഭേദമായെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ താരത്തിന് സാധിക്കാതെ വരികയായിരുന്നു. 2007 -ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇഷാന്ത് ശര്‍മ ലോകക്രിക്കറ്റില്‍ പേരെടുക്കുന്നത്. ശേഷം ഇന്ത്യ നടത്തിയ നാലു ഓസീസ് പര്യടനങ്ങളിലും ഇഷാന്ത് ശര്‍മ ടീമിലെ അവിഭാജ്യഘടകമായി. 2018-19 സീസണില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ചെന്ന് ഐതിഹാസിക ടെസ്റ്റ് പരമ്പരജയം കുറിച്ചപ്പോഴും ടീമിലെ കുന്തമുനകളിലൊന്നായിരുന്നു ഇദ്ദേഹം. അന്ന് 2-1 എന്ന നിലയ്ക്കാണ് ഇന്ത്യ ഓസ്ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ കീഴടക്കിയത്.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പൂര്‍ണ ഫിറ്റ്നസ് കൈവരിക്കാനുള്ള പരിശീലനം നേടിവരികയാണ് ഇഷാന്ത് ശര്‍മ. നേരത്തെ, പരിക്ക് ഭേദമായി അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ ഡല്‍ഹി പേസറായ ഇഷാന്ത് ശര്‍മ പങ്കെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ പൂര്‍ണ ഫിറ്റ്നസില്ലാതെ ഇഷാന്ത് ശര്‍മയെ ഓസ്ട്രേലിയയിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. നിലവില്‍ ഇഷാന്ത് ശര്‍മയ്ക്ക് പകരം ടീമില്‍ ആര് പന്തെറിയുമെന്ന് അറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്. കഴിഞ്ഞതവണ ഇഷാന്ത് – ഷമി – ബുംറ ത്രയമാണ് ഓസ്ട്രേലിയയെ എറിഞ്ഞിട്ടത്.