ജയിലില്‍ ജീവന് ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന.
സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തുന്നത്. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി. ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. കോടതി അനുമതിയില്ലാത്തതിനാല്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ഡിഐജിയുടെ പ്രാഥമിക വിവര ശേഖരണത്തില്‍ ആരോപണങ്ങള്‍ സ്വപ്ന നിഷേധിച്ചെന്നാണ് സൂചന. ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചറിയില്ലെന്നും അഭിഭാഷകന് കാണിച്ച അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന നിലപാടെടുത്തതായാണ് വിവരം.