തൊടുപുഴ: വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് സി രാജയാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത്. ഇതറിഞ്ഞെത്തിയ പൊലീസ് സംഘം രാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശതെരഞ്ഞടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ വോട്ട് ചെയ്തതത് 61.1 ശതമാനം പേരാണ്. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും പി.പി.ഇ. കിറ്റ് ധരിച്ച്‌ ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

ആകെ വോട്ടര്‍മാരില്‍ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.

കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥികളുടെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981. വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളില്‍ 14-നാണ് തിരഞ്ഞെടുപ്പ്.