ഹൈദരാബാദ്: ഭക്ഷണം തയ്യാറാക്കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെലങ്കാന മീര്പ്പോട്ട് സ്വദേശി ജയമ്മ(40) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതി ശ്രീനു(45)വിനെ പൊലീസ് തിരയുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
സംഭവദിവസം ജയമ്മയും മകനും വീടിന് സമീപത്തുള്ള ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇരുവരും തിരികെ എത്തിയ ശേഷം ശ്രീനു മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. വൈകി വീട്ടിലെത്തിയ ശ്രീനും ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ലെന്ന് ജയമ്മ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അടുക്കളയിലെത്തിയെങ്കിലും ജയമ്മ ഭക്ഷണം തയ്യാറാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ശ്രീനും ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യ മരിച്ചുവെന്ന് വ്യക്തമായതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ശ്രീനുവിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്നും വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതി ലോറി ഡ്രൈവറാണ്.