ഐ എസ് എല്ലില്‍ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസണ് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഗോവ ഈ സീസണില്‍ ആദ്യമായാണ് ഒരു മത്സരം വിജയിക്കുന്നത്.
ഇന്ന് തുടക്കം മുതല്‍ ഗോവ അറ്റാക്ക് ചെയ്താണ് കളിച്ചത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചതും ഗോവ ആയിരുന്നു. ആദ്യ പകുതിയില്‍ മാത്രം രണ്ട് തവണ ആണ് ഗോള്‍ എന്നുറച്ച ഗോവന്‍ ഷോട്ടുകള്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത്. 30ആം മിനുട്ടില്‍ ഇഗൊര്‍ അംഗുളോ ആയിരുന്നു ഒരു ചിപിലൂടെ കളിയിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റില്‍ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോവുകയായിരുന്നു.
ഗോള്‍ വീണതിനു ശേഷവും ഗോവ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും ഗോവ അറ്റാക്ക് തുടര്‍ന്നു. ഓര്ടിസിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ബ്രാണ്ടന്റെ പാസില്‍ നിന്ന് ഓര്‍ടിസ് ആയിരുന്നു ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്.
മറുവശത്ത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. വിസെന്റയുടെ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങിയത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല ഒരു ഗോള്‍ ശ്രമം വന്നത്. അവസാനം 91ആം മിനുറ്റില്‍ വിസെന്റെ തന്നെ കേരളത്തിന് ആശ്വാസം നല്കിയ ഗോള്‍ നേടി. നിശു കുമാറിന്റെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു വിസെന്റെയുടെ ഗോള്‍.
ഒരു സമനില ഗോളിനുള്ള സമയം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നില്ല. 93ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ കോസ്റ്റ ചുവപ്പ് കൂടെ കണ്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചു. പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ അല്‍ബിനോയുടെ പിഴവില്‍ നിന്ന് അംഗുളോ ഗോവയുടെ മൂന്നാം ഗോളും നേടി.
ഈ പരാജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് വെറും 2 പോയിന്റുമായി 9ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 5 പോയിന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.