ദോഹ: മൂന്ന് വര്‍ഷത്തിന് മുകളിലായി ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍. സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കുകയാണ് മറ്റ് രാജ്യങ്ങളും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബഹ്റിന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.

കുവൈത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഇപ്പോള്‍ പ്രശ്ന പരിഹാരത്തിലെത്തിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താന്‍ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തര്‍ അറിയിച്ചു. ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ യുഎസിനെയും ഖത്തര്‍ അഭിനന്ദിച്ചു.

അതേസമയം, ഉപരോധം നീക്കിയെന്നും അതിര്‍ത്തികള്‍ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇരു വിഭാഗങ്ങളില്‍ നിന്നും ഇതുവരെ വന്നിട്ടില്ല. ആദ്യ ഘട്ടത്തില്‍ യാത്രാവിലക്ക് നീക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നല്‍കിയ ചില വാര്‍ത്തകള്‍ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.