കോട്ടയം: വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികള്‍ക്ക് കൈമാറണമെന്ന് കലക്ടര്‍ അറിയിച്ചു.വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്ബ് ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക.
ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്പെഷല്‍ ബാലറ്റിനും ഈ സമയപരിധി ബാധകമാണ്. ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി വോട്ടര്‍മാര്‍ അതത് വരണാധികാരികള്‍ക്ക് നേരിട്ട് നല്‍കുകയോ അയക്കുകയോ ചെയ്യാം.
ത്രിതല പഞ്ചായത്തുകളിലെ ഒരു വരണാധികാരിക്ക് മറ്റ് തലങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചാല്‍ അന്നുതന്നെ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സ്പെഷല്‍ മെസഞ്ചര്‍ മുഖേന എത്തിച്ചുനല്‍കണം. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്നതിന് വാഹനവും ആവശ്യമെങ്കില്‍ എസ്കോര്‍ട്ടും ഏര്‍പ്പെടുത്തണം.
മുനിസിപ്പാലിറ്റികളില്‍ ഒന്നിലധികം വരണാധികാരികളുണ്ടെങ്കില്‍ ഓരോ വരണാധികാരിക്കും ചുമതലയുള്ള വാര്‍ഡുകളുടെ കാര്യത്തില്‍ ഈ രീതി സ്വീകരിക്കാം. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണല്‍ ആരംഭിക്കുന്നതുവരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കണം. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനുശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക പായ്ക്കറ്റില്‍ സൂക്ഷിക്കണം.
സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ്ലഭിക്കാത്തവര് ഉദ്യോഗസ്ഥരെ ബന്ധപ്പെടണം
കോട്ടയം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എം. അഞ്ജന അറിയിച്ചു.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്ബര്‍ സ്പെഷല്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പരസ്യപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്ബര്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെയും സാമൂഹിക- സന്നദ്ധ സംഘടനകളുടെയും വാട്സ്ആപ് ഗ്രൂപ്പുകള്‍ മുഖേനയും പ്രചരിപ്പിക്കാം. സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് മുഖേനയുള്ള വോട്ടിങ് നടപടി സമയബന്ധിതമായി പൂര്ത്തീകരിക്കുന്നതിനുവേണ്ടിയാണിത്. സ്പെഷല്‍ തപാല്‍ വോട്ടിെന്റ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിങ് ബൂത്തില്‍ വോട്ടുചെയ്യാന്‍ കഴിയില്ല.
ജില്ലയില്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിെന്റ വിതരണം പുരോഗമിക്കുകയാണ്. വോട്ടര്‍മാര്‍ ചികിത്സയിലോ ക്വാറന്റിയിനിലോ കഴിയുന്ന സ്ഥലങ്ങളില്‍ സ്പെഷല്‍ പോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ നേരിട്ടെത്തിയാണ് വിതരണം നടത്തുന്നത്.
വോട്ടു രേഖപ്പെടുത്തിയശേഷം പോളിങ് ഓഫിസര്‍ക്ക് നേരിട്ടോ വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ആള്‍വശമോ ബാലറ്റ് എത്തിക്കാം.
തപാല്‍മാര്‍ഗം അയക്കുന്നതിന് തപാല്‍ ചാര്‍ജ് ഈടാക്കില്ല. കാലതാമസം ഒഴിവാക്കുന്നതിന് സ്പീഡ് പോസ്റ്റ് വഴി അയക്കാവുന്നതാണ്. ആരോഗ്യവകുപ്പ് തയാറാക്കിയ പട്ടികയിലുള്ളവര്‍ക്കാണ് സ്പെഷല്‍ തപാല്‍ വോട്ട് അനുവദിക്കുന്നത്.