ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ തടസ്സ ഹര്‍ജിയുമായി നടന് ദിലീപ് സുപ്രീംകോടതിയില്‍. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്ബ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ്സ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന് മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്ക് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ദിലീപിന്റെ വാദം. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതിനാല്‍ ജഡ്ജിയെ മാറ്റിയാല്‍ ഇത് വീണ്ടും നടത്തേണ്ടി വരും എന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. കേസിലെ നാലാം പ്രതിയായ വിജീഷ് വി പിയും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.