തിരുവനന്തപുരം: അറബിക്കടലില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് കേരളത്തില്‍ പരക്കെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴ ലഭിക്കും.

ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഡിസംബര്‍ ഏഴിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും ‌നാളെയും കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.