കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടിയായ ‘ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍’ലൂടെ കോവിഡ്-19നിടയിലും രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരെ ബോധവല്‍ക്കരിച്ചു.

2020 മെയില്‍ ആരംഭിച്ച ഹോണ്ട റോഡ് സുരക്ഷാ ഇ-ഗുരുകുല്‍ പരിപാടിയിലൂടെ റോഡില്‍ എങ്ങനെ സുരക്ഷിതമായിരിക്കാമെന്നാണ് ഡിജിറ്റലായി അറിവ് പകര്‍ന്നത്. അഞ്ചു വയസായ കുട്ടിയും ലേണേഴ്‌സിന് അപേക്ഷിച്ച 18കാരനും 30കളിലുള്ള വീട്ടമ്മയും കോര്‍പറേറ്റ് ജീവനക്കാരിയും നിലവില്‍ ടൂവീലര്‍ ഉപയോഗിക്കുന്ന ഉടമയും ഇപ്പോള്‍ ഹോണ്ടയോടൊപ്പം ഡിജിറ്റലായി റോഡ് സുരക്ഷയിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ആറു മാസം കൊണ്ട് ഹോണ്ടയുടെ സുരക്ഷാ റൈഡിങ് പ്രചാരണം ഇന്ത്യയിലെ 185 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തി.

റോഡ് സുരക്ഷ ഹോണ്ടയുടെ ശ്രദ്ധാ കേന്ദ്രമാണെന്നും ഈ സുരക്ഷാ സമീപനത്തോടെ റോഡുകളിലെ ആളുകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്നും വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് ഡിജിറ്റല്‍ പരിശീലനത്തെ ആശ്രയിക്കുകയാണെന്നും ആറു മാസം കൊണ്ട് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള രണ്ടു ലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റലായി എത്താനായതില്‍ സന്തോഷമുണ്ടെന്നും ആവശ്യമായ റോഡ് സുരക്ഷാ പാഠങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

റോഡ് സുരക്ഷാ സന്ദേശം കാര്യക്ഷമമായി എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഹോണ്ടയുടെ സുരക്ഷാ ടീം പ്രാദേശിക ഭാഷകളില്‍ വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ റോഡ് സുരക്ഷയില്‍ അവബോധം ജനിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ടയുടെ റോഡ് സുരക്ഷാ പരിശീലകര്‍ 497 സ്‌കൂളുകളിലായി 76,000 വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു. കുട്ടികള്‍ക്ക് ട്രാഫിക്ക് സിഗ്നലുകളെക്കുറിച്ചും സൈക്കിളും മറ്റും റോഡില്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും മനിസിലാക്കി കൊടുത്തു. 402 കോളജുകളില്‍ നിന്നും 373 കോര്‍പറേറ്റുകളില്‍ നിന്നുമുള്ള 1.36 ലക്ഷം മുതിര്‍ന്നവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ്-19നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ക്കും ഹോണ്ട പ്രത്യേക ഡിജിറ്റല്‍ പരിശീലന സെഷനുകള്‍ സംഘടിപ്പിച്ചു.