വാഷിംഗ്ടണ്‍: രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചും ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും യുഎസിലെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗചി വ്യാഴാഴ്ച നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ട്രാന്സിഷന് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജീസ് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടറായ ഡോ. ഫൗചി മാസങ്ങളോളം പ്രസിഡന്റ് ട്രംപിന്റെ കോവിഡ്-19 റസ്പോണ്‍സ് ടീമിലെ അംഗമായിരുന്നു.
എന്നാല്‍, വൈറസിന്റെ അപകടകരമായ നീക്കത്തെക്കുറിച്ച് അദ്ദേഹം നല്കിയ കടുത്ത മുന്നറിയിപ്പുകള്‍ ട്രംപിനെ ചൊടിപ്പിക്കുകയും അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.
അമേരിക്കയില്‍ ദിനംപ്രതി പതിനായിരക്കണക്കിന് പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഡോ. ഫൗചിയെപ്പോലുള്ള മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശം അനിവാര്യമാണെന്ന് ബൈഡന് പറഞ്ഞു.
മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍, അതായത് 273,000 അമേരിക്കക്കാര്‍ വൈറസ് ബാധിച്ച് കൊല്ലപ്പെട്ടുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈഡന്റെ ട്രാന്സിഷന് ടീമുമായി തന്റെ ഏജന്‍സി നടത്തിയ ചര്‍ച്ചയില്‍, നിര്‍ദ്ദിഷ്ട രണ്ട് വാക്സിനുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ മുന്‍ഗണനാക്രമത്തില്‍ വാക്സിന് കുത്തിവയ്പ്പുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡോ. ഫൗചി പറഞ്ഞു.
‘ആറ് വൈറ്റ് ഹൗസ് അഡ്മിനിസ്ട്രേഷനുകളില്‍ സേവനമനുഷ്ഠിച്ച ഞാന്‍ അഞ്ച് ട്രാന്‍സിഷനുകളിലൂടെ കടന്നുപോയി. ഉത്തരവാദിത്വം സുഗമമായി കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ട്രാന്സിഷന് വളരെ പ്രധാനമാണ്,’ ഡോ. ഫൗചി പറഞ്ഞു. താന്‍ ഇതുവരെ ബൈഡനുമായി സംസാരിച്ചിട്ടില്ലെന്നും, എന്നാല്‍ ഉടന്‍ തന്നെ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.