ടീമില്‍ വന്നുപോയ മറ്റൊരു ഹാര്‍ഡ് ഹിറ്റര്‍ എന്നതായിരുന്നു ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആദ്യ കാലങ്ങളില്‍ കിട്ടിയ വിശേഷണം. പന്തെറിയാന്‍ കഴിയുന്ന സ്ലോഗര്‍ എന്ന് വൈകാതെ അത് പരിണമിച്ചു. പിന്നീട്, ഹാര്‍ഡ് ഹിറ്റിംഗ് ഓള്‍റൗണ്ടര്‍ എന്നതായി വിശേഷണം. അപ്പോഴും ഹര്‍ദ്ദിക് പാണ്ഡ്യയെ വിശ്വസ്തനായ ഒരു മധ്യനിര ബാറ്റ്സ്മാന്മായി എണ്ണാന്‍ ക്രിക്കറ്റ് നിരീക്ഷകര്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ ഹര്‍ദ്ദിക്കിന് അങ്ങനെയൊരു വിശേഷണമാണ് ലഭിച്ചിരിക്കുന്നത്.
“പന്തെറിയാത്ത ഹര്‍ദ്ദിക് പാണ്ഡ്യയെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഞാന്‍ ടീമില്‍ എടുക്കില്ല. എന്‍്റെ ടീമില്‍ മനീഷ് പാണ്ഡേയ്ക്കാണ് സ്ഥാനം.”- വിവാദങ്ങളുടെ കളിത്തോഴന്‍, ട്രോളന്മാരുടെ പ്രിയപ്പെട്ടവന്, ബിസിസിഐയുടെ പേടിസ്വപ്നം സാക്ഷാല്‍ സഞ്ജയ് മഞ്ജരേക്കര്‍ ആദ്യ ഏകദിനത്തിനു മുന്‍പ് പറഞ്ഞതാണ് ഇത്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര അവസാനിക്കുമ്പോള്‍ ഹര്‍ദ്ദിക്കിനു നേര്‍ക്കുള്ള കണക്കിലെ കളികള്‍ ഇങ്ങനെ: ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ്, പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമത്, പരമ്പരയില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി, ഇന്ത്യക്കായി ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റില്‍ രണ്ടാമതും ഇരു ടീമുകളിലുമായി നാലാമതും, കൂടുതല്‍ ഫിഫ്റ്റികള്‍, കൂടുതല്‍ 90+ സ്കോറുകള്‍, ഇന്ത്യക്കായി ഏറ്റവുമധികം ഫോറുകള്‍ നേടിയവരില്‍ രണ്ടാമത്, ഇരു ടീമുകളിലുമായി നാലാമത്, ഏറ്റവുമധികം സിക്സറുകളില്‍ നാലാമത്, ഇന്ത്യക്കായി ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഹിറ്റിംഗ് ആര്‍ക്കില്‍ പന്ത് വന്നാല്‍ അതിര്‍ത്തിക്കപ്പുറം എത്തിക്കുക എന്ന ലളിതമായ ഫിലോസഫിയാണ് ഹര്‍ദ്ദിക്കിനെ മുന്നോട്ടുനയിക്കുന്നത്. അന്നും ഇന്നും ആ ഫിലോസഫിയില്‍ മാറ്റമില്ല. എന്നാല്‍, ആ ഫിലോസഫി അപ്ലേ ചെയ്യുന്ന രീതിയ്ക്ക് മാറ്റമുണ്ട്. മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറുന്ന സന്ദര്‍ഭം. ഹര്‍ദ്ദിക്ക് ജഡേജയുമായി ചേര്‍ന്ന് മെല്ലെ ഇന്നിംഗ്സ് ബില്‍ഡ് ചെയ്യുകയാണ്. അവിടെ ഫിഞ്ചിന്്റെ മാസ്റ്റര്‍ സ്ട്രോക്ക്. മാക്സ്വല്‍ വരികയാണ്. സ്പിന്നര്‍മാരെ കിട്ടിയാല്‍ ബൗണ്ടറിക്കപ്പുറത്തേക്ക് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്ന താരമാണ് ഹര്‍ദ്ദിക്. പാര്‍ട്ട് ടൈം ബൗളറായ മാക്സ്വലിനെ ഇരയായി ചൂണ്ടയില്‍ കൊരുത്ത് ഫിഞ്ച് ഇട്ടുകൊടുക്കുകയാണ്. കൊത്തിയാല്‍ വിക്കറ്റിനുള്ള സാധ്യതയാണ്. ഹര്‍ദ്ദിക് കൊത്തിയില്ലെന്ന് മാത്രമല്ല, തനിക്ക് മികച്ച റെക്കോര്‍ഡുള്ള ആദം സാമ്പ വന്നിട്ടും റിസ്ക് എടുക്കാന്‍ തയ്യാറായില്ല. തനിക്ക് ഒരുക്കിവെച്ചിരിക്കുന്ന കെണി കൃത്യമായി മനസ്സിലാക്കി ആ തന്ത്രം പൊളിക്കുന്ന പാണ്ഡ്യ 76 പന്തുകളില്‍ 92 നോട്ടൗട്ട് എന്ന് സ്കോറിലാണ് ഇന്നിംഗ്സ് അവസാനിപ്പിക്കുന്നത്.
ആദ്യ ഏകദിനത്തില്‍ പാണ്ഡ്യ പുറത്താവുന്നത് സാമ്പയുടെ പന്തില്‍ സ്റ്റാര്‍ക്കിനു ക്യാച്ച് സമ്മാനിച്ചാണ്. ധവാന് മെല്ലെ സ്കോര്‍ ചെയ്യുമ്പോള്‍ ടീമിനു വേണ്ടി റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് അയാള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. അതും ലിസ്റ്റ് എ കരിയറിലെ ആദ്യ സെഞ്ചുറിക്ക് 10 റണ്‍സ് അകലെ വെച്ച്. വേണമെങ്കില്‍ മെല്ലെ സിംഗിളുകള്‍ ഇട്ട് സെഞ്ചുറി തികയ്ക്കാമായിരുന്നു. പക്ഷേ, പാണ്ഡ്യ ടീമിനു പ്രാധാന്യം നല്കി. ഇങ്ങനെ പക്വത വന്ന ഗെയിം പാണ്ഡ്യയെ ടീം ഇന്ത്യയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയും കണ്ടു.
മകന് ജനിച്ചത് തന്നെ വല്ലാതെ മാറ്റിക്കളഞ്ഞു എന്ന് പരമ്പരയുടെ തുടക്കത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാണ്ഡ്യ പറഞ്ഞിരുന്നു. ഉത്തരവാദിത്തം ഉണ്ടായി. ജീവിതത്തെ മറ്റൊരു കോണിലൂടെ കാണാനാവുന്നുണ്ട് എന്ന പാണ്ഡ്യയുടെ പരാമര്‍ശം അക്ഷരംപ്രതി ശരിയാവുന്ന കാഴ്ചയ്ക്കാണ് ഓസീസ് പര്യടനം വേദിയായത്