തിരുവനന്തപുരം: മെഡിക്കല്‍ പി.ജി കോഴ്സുകളിേലതിന് സമാനമായ സംവരണ അട്ടിമറി എം.എസ്സി നഴ്സിങ് കോഴ്സിലും. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (എസ്.ഇ.ബി.സി) ആകെ സംവരണം ഒമ്ബത് ശതമാനത്തില്‍ ഒതുക്കിയും മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് അനുവദിച്ചുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീറ്റ് വിഹിതം നിശ്ചയിച്ചത്.
30 ശതമാനം സീറ്റിന് അര്‍ഹതയുള്ള എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ പി.ജി കോഴ്സില്‍ ഒമ്ബത് ശതമാനം മാത്രം സംവരണം അനുവദിച്ച പ്രശ്നത്തില്‍ പിന്നാക്കവിഭാഗ കമീഷന് ഇടപെടുകയും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സമാനമായ സംവരണ അട്ടിമറിക്കാണ് എം.എസ്സി നഴ്സിങ് കോഴ്സിലും വഴിതുറന്നത്.
സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ അധികമായി അനുവദിച്ച സീറ്റ് ഉള്‍പ്പെടെ 143 പി.ജി സീറ്റുകളാണുള്ളത്. ഇതില്‍ 66 ശതമാനം സ്റ്റേറ്റ് മെറിറ്റ് എന്ന നിലയില്‍ 88 സീറ്റാണുള്ളത്. എസ്.സി വിഭാഗത്തിന് എട്ട് ശതമാനം സംവരണത്തില്‍ 11 ഉം എസ്.ടി വിഭാഗത്തിന് രണ്ട് ശതമാനത്തില്‍ രണ്ടും സീറ്റാണ് നീക്കിവെച്ചത്.
ഇൗഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളടങ്ങിയ എസ്.ഇ.ബി.സിക്ക് ആകെ ഒമ്ബത് ശതമാനം എന്ന നിലയില്‍ 10 സീറ്റും നീക്കിവെച്ചപ്പോള്‍ പത്ത് ശതമാനം എന്ന നിലയില്‍ മുന്നാക്ക സംവരണത്തിന് പ്രത്യേകമായി 13 സീറ്റും അനുവദിച്ചു.
ഏറ്റവും ഉയര്‍ന്ന സംവരണം മുന്നാക്ക വിഭാഗത്തിനാണ്.
സര്‍വിസ് ക്വോട്ടയില്‍ 13 സീറ്റും ഭിന്നശേഷി സംവരണത്തില്‍ ആറ് സീറ്റും നീക്കിവെച്ചിട്ടുണ്ട്. എം.ബി.ബി.എസ് ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ കോഴ്സുകളില്‍ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാണ്.
ഇത് മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ ഒമ്ബത് ശതമാനം മാത്രമാക്കിയത് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കില്ലെന്ന് പിന്നാക്ക വികസനവകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനെ അറിയിച്ചതിനെതുടര്‍ന്നാണ് വിഷയം പിന്നാക്ക വിഭാഗ കമീഷെന്റ പരിഗണനക്ക് വിട്ടത്. ഇതിന് പിന്നാലെയാണ് എം.എസ്സി നഴ്സിങ് കോഴ്സിലും സമാനമായ സംവരണ അട്ടിമറിക്ക് കളമൊരുങ്ങുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച സീറ്റ് വിഭജനപ്രകാരമുള്ള ആദ്യ അലോട്ട്മെന്റ് ഇൗ മാസം ഏഴിന് പ്രവേശന പരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ പി.ജിയിലെ സംവരണ അട്ടിമറി പിന്നാക്ക വിഭാഗ കമീഷന് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമാന പ്രശ്നമുള്ള എം.എസ്സി നഴ്സിങ് അലോട്ട്മെന്റ് മാറ്റിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള മറ്റ് ചില കോഴ്സുകളിലും എസ്.ഇ.ബി.സി സംവരണം 30 ശതമാനത്തിന് പകരം ഒമ്ബത് ശതമാനമാക്കി ചുരുക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.