കുവൈറ്റില്‍ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചെത്തി തുടങ്ങും. കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലായി 80000 വീട്ടുജോലിക്കാര്‍ തിരിച്ചെത്താനുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിന്റെ കണക്ക് കൂട്ടലുകള്‍.
കുവൈത്തില്‍ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക വിസക്കാര്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചു വരാന്‍ കഴിയും. രണ്ടാഴ്ച ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറില്‍ കൂടരുതെന്ന് വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം ലഭിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അല്‍ ഉതൈബി വ്യക്തമാക്കി.