മുംബൈ: ആണ്‍കുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം.

ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നും ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നുമാണ് അമ്മ ദീപാലി ബന്ധുക്കളോട് പറഞ്ഞത്. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിന്‍റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിലെ വിരോധം കാരണമാണ് താന്‍ കുഞ്ഞിനെ കൊന്നതെന്ന് ഒടുവില്‍ ദീപാലി സമ്മതിച്ചു.

വെള്ളത്തില്‍ മുക്കിപ്പിടിച്ച്‌ മരണം ഉറപ്പാക്കുകയായിരുന്നു യുവതി. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനാല്‍ മൃതദേഹം മറവ് ചെയ്യാന്‍ സാവകാശം ലഭിച്ചില്ലെന്നും ടാങ്കില്‍ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി.