പത്തനംതിട്ട: ശബരിമലയിലെയില്‍ ദര്‍ശനം നടത്താനുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ നാലായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. ഇതനുസരിച്ച്‌ പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച്‌ നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് വരാം.

നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്. ദേവസ്വം ബോര്‍ഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.