തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍കേരളത്തില്‍ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റും അതീതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.തീവ്ര ന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ മുതല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരങ്ങളില്‍ 75 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലില്‍പ്പോകുന്നത് നിരോധിച്ചു.തെക്കന്‍ കേരളത്തില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണം.ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്ബ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.