പത്തനംതിട്ട : തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകള്‍, പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ എന്നിവ കളക്ടറേറ്റില്‍ എത്തിക്കുകയുണ്ടായി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഇവയുടെ പരിശോധന നടത്തുകയും ചെയ്തു.
തിരുവനന്തപുരം മണ്ണന്തല ഗവ.പ്രസില്‍ അച്ചടിച്ച 92,820 ബാലറ്റുകളാണ് 16 പെട്ടികളിലായി എത്തിയിട്ടുള്ളത്. 66,300 പോസ്റ്റല്‍ ബാലറ്റുകള്‍, 19,890 ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍, ബാലറ്റ് യൂണിറ്റില്‍ ഉപയോഗിക്കുന്ന 6630 ബാലറ്റ് എന്നിവയുള്‍പ്പടെയാണ് 92,820 ബാലറ്റുകള്‍ എത്തുകയുണ്ടായത്. എട്ടു ടീമുകളായി തിരിഞ്ഞാണു പരിശോധന നടത്തി വരുന്നത്. പരിശോധന പൂര്‍ത്തിയായതിനു ശേഷം ബാലറ്റുകള്‍ അതത് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതായിരിക്കും.