ഓയൂര്‍ ∙ സാധാരണമെന്നു കരുതിയിരുന്ന ഒരു മരണം കൊലപാതകമായി മാറിയതിന്റെ ഞെട്ടലിലാണ് ഓടനാവട്ടം. വാപ്പാല പള്ളി മേലതില്‍ വീട്ടില്‍ ആശ (29)യുടെ മരണത്തിനു പിന്നിലെ ദുരൂഹതകളാണു നാട്ടിലിപ്പോള്‍ ചര്‍ച്ചാ വിഷയം. വീടിന് സമീപത്തുള്ള പാറ മുകളില്‍ ആടിനെ തീറ്റുന്നതിനിടയില്‍ ആട് തള്ളിയിട്ട് ആശയ്ക്കു പരുക്കേറ്റെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഭര്‍ത്താവ് അരുണ്‍ വിശ്വസിപ്പിച്ചിരുന്നത്.

മരണക്കിടക്കയില്‍ പോലും ഭര്‍ത്താവിനെതിരെ മറ്റൊരു മൊഴി ആശ നല്‍കിയില്ല. സ്വന്തം പിതാവിനെയും മാതാവിനെയും ഒന്നും അറിയിച്ചതുമില്ല. ഭര്‍ത്താവിനും മക്കള്‍ക്കും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹം മാത്രമായിരുന്നു ആശയ്ക്ക്. ഒരു പക്ഷേ സംഭവം മുന്‍കൂട്ടി പറഞ്ഞിരുന്നെങ്കില്‍ ആശ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് സങ്കടത്തോടെ പിതാവ് ജോര്‍ജ് പറയുന്നു. മദ്യപിച്ചെത്തുന്ന അരുണ്‍ മിക്കപ്പോഴും വീട്ടില്‍ ബഹളം ഉണ്ടാക്കുകയും ആശയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.

മിക്ക ദിവസവും വഴക്കു ഉണ്ടാകുന്നതിനാല്‍ അയല്‍ക്കാരും ശ്രദ്ധിക്കാറില്ല. നാട്ടുകാരുമായും ബന്ധുക്കളുമായി അടുപ്പം ഇല്ലാത്ത സ്വഭാവം ആയിരുന്നു അരുണിന്. ആര് വീട്ടില്‍ വന്നാലും മമ്മിയെ ആട് ഇടിച്ചു ഇട്ടതാണെന്ന് മക്കളെക്കൊണ്ടു പറയിപ്പിക്കുമായിരുന്നു. മരണത്തില്‍ ദുരൂഹത തോന്നിയ പിതാവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് സംഭവം കൊലപാതകം ആണെന്നു തെളിയാന്‍ വഴിയൊരുക്കിയത്