ഡോളര്‍ കടത്തിയ കേസിലും എം. ശിവശങ്കറിനെതിരെ സ്വപ്നാ സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്കി.
ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടാനാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മൂന്നുമണിയോടെ എം. ശിവശങ്കറിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.
സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. സ്വപ്നയെയും സരിത്തിനെയും ഡോളര്‍ കടത്തു കേസിലും, എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും ആയിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.