ശബരിമല: തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

തെര്‍മല്‍ സ്‌കാനില്‍ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം. വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പൊലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.

അതേസമയം, പോലീസില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ ഡ്യൂട്ടി തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നല്‍കും. പമ്ബയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കേന്ദ്രങ്ങളില്‍ കോവിഡ് ബോധവല്‍ക്കരണ നിര്‍ദേശങ്ങളും അണുനശീകരണ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് തീരുമാനമായി. തുടര്‍ച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് പമ്പയിലും നിലയ്ക്കലും ലാബുകളില്‍ സൗകര്യമൊരുക്കും.