തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് സാഹചര്യം പരിഗണിച്ചു നടത്തുന്ന തപാല്‍ വോട്ടിംഗിനു പ്രത്യേക പട്ടിക തയ്യാറാക്കും.

ആദ്യം തെരഞ്ഞെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ 8നാണ് ഈ ജില്ലകളിലെ തെരഞ്ഞെടുപ്പു.

ഇതിനായുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ്‌ഇന്നുമുതല്‍ തയ്യാറാക്കുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക.

ഹെല്‍ത്ത് ഓഫീസര്‍മാരാണ് പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കേണ്ടത്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്ബ് മുതല്‍ അതാത് ദിവസം ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണമെന്ന് നിര്‍ദേശമുണ്ട്.

പോസ്റ്റല്‍ വോട്ടിനുള്ള പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.