ലക്നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍. ലൗ ജിഹാദ് എന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവച്ചു.
വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിര്‍ബന്ധ മതപരിവര്‍ത്തനം കുറ്റകരമാകും. ‘ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാല്ക്കാരം, പ്രണയം അല്ലെങ്കില്‍ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടിക ജാതി – പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ്.
ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നുകില്‍ വഴി മാറി നടക്കുക, അല്ലെങ്കില്‍ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക എന്നായിരുന്നു യോഗിയുടെ ഭീഷണി. വിവാഹത്തിനുവേണ്ടി മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ലൗ ജിഹാദിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും യോഗി മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുപി കൂടാതെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് ആലോചനയിലാണ്.