ആലപ്പുഴ: സോളാര്‍ കേസിലെ മുഖ്യപ്രതി കെ. ബി ​ഗണേഷ് കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം വന്നപ്പോള്‍ ദുഃഖിച്ചില്ല, ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്‍റെ രീതിയല്ല.-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിന്‍റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്ബത്തിക ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. താന്‍ അന്വേഷണം ആവശ്യപ്പെടില്ല. സത്യം എന്നായാലും പുറത്ത് വരും. താന്‍ ഒരു ദൈവ വിശ്വാസിയാണ്.

സോളാര്‍ കേസിന്​ പിന്നില്‍ കെ.ബി ഗണേഷ്​ കുമാര്‍ എം.എല്‍.എയാണെന്ന് ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു​. പീഡന കേസുകളില്‍ ഇര മൊഴി നല്‍കിയത്​ ഗണേഷിന്‍െറ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍​.

പത്താനപുരത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിലാണ്​ ശരണ്യ മനോജ്​ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്​.