തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രനുമാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. പോലീസ് നിയമത്തിലെ 118 (എ) വകുപ്പിന്റെ കൂട്ടിച്ചേര്‍ക്കല്‍ മൗലികാവകാശങ്ങളുടെ ലംഘനമെന്നാണ് ഹര്‍ജികളിലെ വാദം.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടില്‍ 118 എ എന്ന ഉപവകുപ്പ് ചേര്‍ത്തായിരുന്നു സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.