മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ചെയര്‍മാനായി ഏഴു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെയാണു കോടതിയില്‍ സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ അര്‍ബുദവും ഹൃദ്രോഗവും പ്രമേഹവുമാണെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അസ്ഥികള്‍, മജ്ജ എന്നിവയെ ബാധിക്കുന്ന ‘മള്‍ട്ടിപ്പിള്‍ മൈലോമ’ കാന്‍സര്‍ ബാധിച്ച ഇബ്രാഹിംകുഞ്ഞ് പലവട്ടം കീമോ തെറപ്പിക്കു വിധേയനായിട്ടുണ്ട്. ഡിസംബര്‍ മൂന്നിനു വീണ്ടും കീമോ ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തുറന്നു പരിശോധിച്ച ശേഷം പ്രധാനപ്പെട്ട ഭാഗം മാത്രമാണു കോടതിയില്‍ വായിച്ചത്. കീമോ തെറപ്പി ഉള്‍പ്പെടെ 33 തവണ അര്‍ബുദ ചികിത്സയുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോയ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതാണു ബോര്‍ഡ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്ബോഴും വേറെ ആശുപത്രിയിലേക്കു മാറ്റുമ്ബോഴും അണുബാധ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം എപ്പോഴും വേണ്ട അതീവ ഗുരുതരാവസ്ഥയിലാണ്. അസ്ഥിക്കു ബലം കുറഞ്ഞ് ഒടിയാന്‍ ഇടയുണ്ട്. കഴുത്തിലെ അസ്ഥിക്കു തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ഇന്നുപരിഗണിക്കും. ഗവണ്മെന്റ് ആശുപത്രിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ മാറ്റാന്‍ കഴിയുമോയെന്ന് വ്യക്തമാക്കണമെന്നും ഇപ്പോഴത്തെ ചികിത്സാ സൗകര്യമുള്ള ഗവ. ആശുപത്രിയെക്കുറിച്ചുള്ള വിവരം ഇന്നു രാവിലെ 11ന് മുമ്ബ് ഡിഎംഒ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഡിഎംഒക്ക് കോടതി കൈമാറി. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ ഗവ. ആശുപത്രിയിലേക്കു മാറ്റാന്‍ കഴിയുമോയെന്ന കാര്യവും കോടതി ഇന്നു വ്യക്തമാക്കും.