ന്യൂഡല്‍ഹി: സുരക്ഷിതവും ശാസ്ത്രീയവുമായി കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ വാക്സിന് സംഭരണത്തിനും വിതരണത്തിനുമായി ശീതീകരണ സംവിധാനം ഉള്‍പ്പടെ സുരക്ഷിത മാര്‍ഗങ്ങള്‍ സജ്ജീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് പോസിറ്റിവ് നിരക്ക് അഞ്ചു ശതമാനത്തിലും മരണനിരക്ക് ഒരു ശതമാനത്തിലും താഴേക്ക് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏതൊക്കെ വാക്സിന് എത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡോസും നിര്‍ണയിച്ചിട്ടില്ല. ഇന്ത്യയിലെ രണ്ട് വാക്സിനുകള്‍ വികസനത്തിെന്റ മുന്‍നിരയിലുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നും ഇന്ത്യന്‍ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശാസ്ത്രീയ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം വാക്സിന് നല്‍കുന്നതിനുള്ള മുന്‍ഗണന തയാറാക്കും. ആദ്യഘട്ടത്തില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം മൂന്നാംഘട്ടത്തിലെത്തിയെന്നും അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ ഉള്‍പ്പടെ നടപടികളില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു.
അതിനിടെ, സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉന്നയിച്ചു.