ന്യൂഡല്‍ഹി: പുതിയ എയര്‍ ഇന്ത്യ വണ്‍ ബോയിങ് വിമാനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കന്നിയാത്ര നടത്തി. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി ചെന്നൈയിലേക്കാണ് വിവിഐപികള്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി ഇന്ത്യ വാങ്ങിയ അത്യാധുനിക വിമാനത്തില്‍ രാഷ്ട്രപതി യാത്ര ചെയ്തത്.
ഭാര്യ സവിത കോവിന്ദിനൊപ്പം യാത്ര തിരിച്ച രാഷ്ട്രപതി റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തില്‍ എത്തി. എയര്‍ ഇന്ത്യ വണ്‍- ബി777 വിമാനത്തിലാണ് രാഷ്ട്രപതി ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. അത്യാധുനിക വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിനും രാജ്യത്തിനകത്ത് വിവിഐപി യാത്രകള്‍ സുഗമമാക്കുന്നതിനും വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുമായി സജ്ജമാക്കിയ എയര്‍ ഇന്ത്യ വണ്ണിലെ പൈലറ്റുമാര്‍, ക്രൂ അംഗങ്ങള്‍, എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നിവരുടെ മുഴുവന്‍ ടീമിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.