വാഷിങ്ടണ്‍: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ആറുകോടിക്ക് മുകളിലെത്തിയപ്പോള്‍ അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയില്‍ ഓരോ മിനിറ്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച മാത്രം 1448 പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ബ്ലൂംബെര്‍ഗിന്റെ സ്റ്റീവന്‍ ഡെന്നീസാണ് യുഎസില്‍ ഓരോ മിനിറ്റിലും ഓരോരുത്തര് വീതം കോവിഡ് ബാധിച്ചു മരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തത്.
വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 1,25,91,402 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,62,726 പേര് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ട്രാക്കിങ് പ്രൊജക്ട് അനുസരിച്ച് 83,870 പേരാണ് കോവിഡ് ബാധിതരായി ആശുപത്രികളില്‍ തുടരുന്നത്. ഇന്നലെ മാത്രം 1.7 മില്യണ്‍ ടെസ്റ്റുകളും 1,50,000 പ്രതിദിന കോവിഡ് കേസുകളും 889 പുതിയ കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.