കൊച്ചി : മുസ്ലീം യുവാവും , ക്രിസ്ത്യന്‍ യുവതിയും തമ്മില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വച്ച് നടത്തിയ വിവാഹത്തില്‍ പങ്കെടുത്തതിനു മാപ്പ് പറഞ്ഞ് ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍. നവംബര്‍ 9 ന് കൊച്ചിയിലെ കടവന്ത്ര സെന്റ് ജോസഫ് പള്ളിയിലായിരുന്നു വിവാഹം .
ദമ്ബതികള്‍ക്കൊപ്പം ക്രിസ്ത്യന്‍ പുരോഹിതന് നില്ക്കുന്ന ചിത്രം മാദ്ധ്യമങ്ങളില്‍ വന്നതോടെ സഭാ തലത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു . തുടര്‍ന്ന് കുടുംബവുമായുള്ള വ്യക്തിബന്ധം മൂലമാണ് താന്‍ വിവാഹത്തില്‍ പങ്കെടുത്തതെന്ന് മാത്യു വാണിയകിഴക്കേല്‍ പറഞ്ഞു.എന്നിരുന്നാലും, അതില്‍ പങ്കെടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .
അന്യമതത്തില്‍പ്പെട്ട വ്യക്തിയുമായുള്ള വിവാഹം പള്ളികളില്‍ വച്ച് നടത്തുമ്ബോള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷമാക്കാന്‍ പാടില്ലായെന്നും ,ലളിതമായിരിക്കണമെന്നും സഭാനിയമം അനുശാസിക്കുന്നു . ഇത്തരം വിവാഹങ്ങളില്‍ മെത്രാന്മാര് പങ്കെടുക്കാറുമില്ല . എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഈ വിവാഹത്തില്‍ മാര്‍ മാത്യു വാണിയകിഴക്കേല്‍ പങ്കെടുത്തത് .
കാനോന്‍ നിയമങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലും രംഗത്തെത്തിയിരുന്നു . സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.