ന്യൂഡല്‍ഹി: ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച്‌ കേരളം. രാജ്യം 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട നേട്ടം കേരളം ഇപ്പോഴേ മറികടന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030ല്‍ ശിശുമരണ നിരക്ക് ഓരോ 1000 ജനനത്തിലും 10ല്‍ താഴെ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ കേരളം നിലവില്‍ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു.

ദേശീയ നവജാത കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ച വിവരമുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട നിലയിലാണ് ശിശുമരണനിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി പുരോഗമിക്കുന്നത്.

1000ല്‍ 15ല്‍ താഴെയാണ് ഈ നാലു സംസ്ഥാനങ്ങളിലും ശിശുമരണ നിരക്ക്. അതേസമയം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളില്‍ ശിശുമരണനിരക്ക് അതിരൂക്ഷമായ അവസ്ഥയിലാണ്. ദേശീയ ശരാശരിയായ 23ന് മുകളിലാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ അവസ്ഥ.

ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്. 2030 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശം. എന്നാല്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. മാതൃമരണനിരക്ക് കേരളത്തില്‍ ഒരു ലക്ഷത്തില്‍ 30 ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.