അംബാല: കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയായി ഹരിയാന ആരോഗ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനിൽ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് അനിൽ വിജ് തയ്യാറായത്. മന്ത്രി വാക്സിൻ കുത്തിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായി 67 കാരനായ അനിൽ വിജ് രംഗത്തു വന്നത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ മന്ത്രി കുത്തിവെപ്പും സ്വീകരിച്ചു. നവംബർ 20 മുതൽ കോവാക്സിൻ പരീക്ഷണം ആരംഭിക്കുമെന്നും ആദ്യ വളണ്ടിയർ താനായിരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ നിന്നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. മന്ത്രിയുടെ വിദഗ്ധ ഡോക്ടർമാർ വരും ദിവസങ്ങളിൽ നിരീക്ഷിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. അടുത്ത വർഷം തുടക്കത്തോടെ ഭാരത് ബയോടെക് കോവിഡ് വാക്സിൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.