ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് കേസുകൾ 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതിൽ 84,28,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒറ്റദിവസം മാത്രം ചികിത്സയിലിരുന്ന 44,807 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. നിലവിൽ 4,43,794 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
രോഗമുക്തി നിരക്ക് ഉയര്‍ന്നു നിൽക്കുന്നതും മരണനിരക്ക് കുറഞ്ഞ് നിൽക്കുന്നതുമാണ് ആശ്വാസം പകരുന്ന കാര്യം. നിലവിലെ കണക്കുകൾ അനുസരിച്ച് 93.58% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 584 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 1,32,162 മരണങ്ങളാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് പരിശോധനകളുടെ എണ്ണവും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്.