ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാന്‍ഡില്‍ കഴിയവേ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം.

ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്.

ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: സുദീപ് അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച്‌ കമറുദ്ദീന്‍റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക്‌ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ചയാകുപ്പോഴും പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍.