തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി.

സ്വകാര്യ, വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മറ്റു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തില്‍ അവധി അനുവദിച്ചിരിക്കുന്നത്. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്.

ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡിസംബര്‍ 10ന് കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അവധി.

സ്വന്തം ജില്ലയ്ക്കു പുറത്തു ജോലിയുള്ളവര്‍ക്കു വോട്ടെടുപ്പു ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. അവധി നല്‍കാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.