കട്ടപ്പനയിലെ ഋത്വിക് റോഷന് നാലു വയസ്സ് തികയുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം 2016 നവംബര്‍ 18നാണ്

തിയേറ്ററുകളിലെത്തിയത്. സിനിമയുടെ നാലാം വാര്‍ഷികം ആഘോഷമാക്കുകയാണ് ധര്‍മ്മജന്‍. വിഷ്ണു ഉണ്ണികൃഷ്ണനെ തോളിലേറ്റി നില്‍ക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍.

ഒരു ഇടവേളയ്ക്കു ശേഷം സലിംകുമാര്‍ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി പോലെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനും പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മറന്നില്ല. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കിയത്.

പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.