ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത് ലക്ഷത്തിലേക്ക്. ഇതുവരെ 5,59,26,537 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി നാല്‍പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 13,42,805 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,89,29,744 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 1,16,93,013 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 2,54,250 ആയി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷവും മരണം 1.30 ലക്ഷവും കടന്നു. അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം 29,163 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,791 പേര്‍ രോഗമുക്തരായി. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ്. നിലവില്‍ രാജ്യത്ത് 4,53,401 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 5.11 ശതമാനം മാത്രമാണിത്.

82,90,370 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 59,11,758 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,83,423 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,66,743 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷം പിന്നിട്ടു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്. രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 46,273 പേര്‍ മരിച്ചു. റഷ്യയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.19,71,013 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 33,931 പേര്‍ മരിച്ചു. 14,75,904 പേര്‍ സുഖം പ്രാപിച്ചു.