തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും, അടുത്ത 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാദ്ധ്യത.

ഇന്നും നാളെയും കേരള തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലിദ്വീപ് (18-11-2020), മധ്യ കിഴക്കന്‍ അറബിക്കടല്‍ (19-11-2020) എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും, ചില അവസരങ്ങളില്‍ 65 കിമീ വരെ വേഗതയിലും വീശിയടിക്കുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.