കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കൊറോണ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതി പോലീസില്‍ കീഴടങ്ങി. പ്രതി അശ്വിന്‍ വൈകുന്നേരം 6.30 ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇയാളെ കൊയിലാണ്ടി ആശുപത്രിയില്‍ കൊറോണ ടെസ്റ്റിനും മെഡിക്കല്‍ പരിശോധനയ്ക്കും വിധേയനാക്കി. നേരത്തെ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

യുവതിയുടെ പരാതി വാര്‍ത്തയായതിനെ തുടര്‍ന്ന് നേരത്തെ ആശുപത്രി അധികൃതരും ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാത്രി 11.30 ഓടെ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടു പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇയാള്‍ മെസേജുകള്‍ അയച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം വാര്‍ത്തയായതോടെ ആശുപത്രിയിലേക്ക് പ്രതിഷേധങ്ങളും നടന്നു. ഇതിനൊടുവിലാണ് ഇയാള്‍ വൈകുന്നേരത്തോടെ കീഴടങ്ങിയത്.