തിരുവനന്തപുരം: തലതിരിഞ്ഞ ലോക ഭരണാധികാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് മന്ത്രി എം.എം.മണി. തലതിരിഞ്ഞ നേതാക്കളുടെ പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മണി പറഞ്ഞു. തോറ്റ് തുന്നം പാടിയെങ്കിലും ട്രംപ് തോല്‍വി അംഗീകരിക്കുന്നില്ലെന്നും ഇത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണി ഇക്കാര്യം പറഞ്ഞത്.

വര്‍ഗ്ഗീയ വംശീയ സമീപനങ്ങളെ എതിര്‍ക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണെന്നും മണി പറഞ്ഞു. ട്രംപിനെയും കൂട്ടരെയും പരാജയപ്പെടുത്തിയ അമേരിക്കന്‍ ജനതയെ അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂര്‍ത്തിയായി. ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്ബ് എന്നാണ് ഉത്തരം. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രമ്ബ് തോറ്റ് തുന്നം പാടി. പക്ഷേ തോല്‍വി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.

വര്‍ഗ്ഗീയ വംശീയ സമീപനങ്ങളെ എതിര്‍ക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു.പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കണ്‍ തുടങ്ങിയുള്ള നേതാക്കന്‍മാരെയും പറ്റി ഊറ്റം കൊള്ളുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ട്രമ്ബും കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. ഇവരെ പരാജയപ്പെടുത്തിയ അമേരിക്കന്‍ ജനതയെ അഭിവാദ്യം ചെയ്യുന്നു.