ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങള്‍ പലതാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
കസ്റ്റഡിയിലുള്ള ബിനീഷിനെ തുടര്‍ച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.
ബിനീഷിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യുഎഎഫ്എക്സ് സൊല്യൂഷന്‍സ്, കാര്‍ പാലസ് , കാപിറ്റോ ലൈറ്സ് , കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതിയതായി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്നു സംശയമുണ്ടെന്നും ഇഡി പറയുന്നു. ഇതും അന്വേഷിക്കും.