റിയാദ്: തമിഴ്നാട്ടുകാരനായ പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയിലെ താമസസ്ഥലത്തിനടുത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് സൗദി പൗരന് അന്വേഷണം നടത്തി മൃതദേഹം കണ്ടെത്തി സാംത പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ ഒഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്.
ഖമീസ് മുശൈത്തില്‍ ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ചെയ്യുകയായിരുന്ന സ്റ്റീഫന്‍, ജോലിയാവശ്യാര്‍ത്ഥം സാംതയിലേക്ക് പോയതായിരുന്നു. കൂടെ വന്നവര്‍ ഖമീസിലേക്ക് മടങ്ങിയെങ്കിലും സ്റ്റീഫന്‍ അവിടെ തന്നെ തുടരുകയായിരുന്നു. പിന്നീട് സ്റ്റീഫനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ സഹപ്രവര്‍ത്തകരും സഹോദരന് അഗസ്റ്റിന് കനകരാജും സാംത പോലീസില്‍ പരാതി നല്‍കിയിരുന്നു.
സ്പോണ്സറുമായി ബന്ധമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി ഹുറൂബിലാണ് സ്റ്റീഫന്‍. 25 വര്‍ഷമായി സൗദിയിലുള്ള ഇയാള്‍ അഞ്ചു വര്‍ഷം മുമ്പാണ് ഒന്നര മാസത്തെ ലീവിന് നാട്ടില്‍ പോയി വന്നത്. പിന്നീട് നാടുമായും വീടുമായും ബന്ധം പുലര്‍ത്തിയിട്ടില്ല. അവിവാഹിതനാണ്. പരേതരായ അഗസ്റ്റിന് – അന്നമ്മ ദമ്പതികളുടെ മകനാണ്.
സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സഹോദരന് അവിടെയെത്തി തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ സാംതയില്‍ സംസ്കരിക്കും.