ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു, സ്വകാര്യ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു. ഈ മാസം 11 മുതല്‍ തൊഴിലിടങ്ങളിലും മറ്റും വ്യാപകമായി വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്രം അറിയിച്ചു. നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങളിലാകും വാക്‌സിനേഷന് സൗകര്യമൊരുക്കുക.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ :

  • സര്‍ക്കാര്‍ ഓഫീസുകളില്‍ വാക്സിനേഷന്‍ സൗജന്യമാണ്
  • സ്വകാര്യ തൊഴിലിടങ്ങളില്‍ വ്യക്തിക്ക് ഒരു ഡോസിന് 150 രൂപയും സര്‍വീസ് ചാര്‍ജായി 100 രൂപയും ഈടാക്കും
  • 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്സിന്‍
  • പുറത്തുനിന്നുള്ളവര്‍ക്കോ ജീവനക്കാരുടെ ബന്ധുക്കള്‍ക്കോ വാക്സിന്‍ നല്‍കില്ല
  • സംസ്ഥാന, ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം
  • മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അനുയോജ്യമായ സമയങ്ങളില്‍ വാക്സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കണം
  • വാക്സിന്‍ എടുക്കേണ്ടവര്‍ കോ-വിന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണം