തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ കേരളത്തിലും കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൊലീസ് പരിശോധന കര്‍ശനമാക്കും. മാസ്ക് ധരിക്കുന്നുണ്ടോെയന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും പൊലീസ് ഉറപ്പാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോവിഡുമായി ബന്ധപ്പെട്ട കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന് ഉറപ്പാക്കും. ഇപ്പോഴും ഈ നിര്‍ദേശം നിലവിലുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടുന്നില്ല.ഇത് കര്‍ശനമായി പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പോളിങ് ഏജന്റുമാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെല്ലാം പരിശോധനക്ക് വിധേയമാകണം. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്താനും യോഗത്തില്‍ ധാരണയായി.