വടകര: യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും രമ പറഞ്ഞു.

ടി.പിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യമെന്നും രമ പറഞ്ഞു.

പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്.

അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്റെ പേരില്‍ ഇനി ഒരു ജീവന്‍ ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്സെന്ന് രമ പറയുന്നു.