തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ എക്കാലത്തെയും ഉയര്‍ന്ന പോളിംഗ് നിരക്കാണ് 1987ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. അന്ന് ഇടതുപക്ഷ മുന്നണിയാണ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ അന്നത്തെ പോളിംഗ് ശതമാനം 77.35 ആയിരുന്നു. 1987ലെ വോട്ടിംഗ് ശതമാനം മറികടക്കാന്‍ ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിനും കഴിഞ്ഞിട്ടില്ല.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിറെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ എത്തുകയും കെ കരുണാകരന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ അഞ്ചാമത്തെ നിയമസഭ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും എകെ ആന്റണി, പികെ വാസുദേവന്‍ നായര്‍, സിഎച്ച്‌ മുഹമ്മദ് കോയ എന്നീ മൂന്ന് മുഖ്യമന്ത്രിമാര്‍ക്കും സാക്ഷ്യം വഹിച്ചു. പിന്നീട് 1979ല്‍ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം സംജാതമായി.

പിന്നീട് 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി. മുഖ്യമന്ത്രി ഇകെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിച്ചു. അന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 72.28 ശതമാനമാണ്. 93 സീറ്റുകള്‍ നേടിയാണ് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

1982ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി. അന്ന് 73.56 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. കെ കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. എന്നാല്‍ 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുകയായിരുന്നു. 77 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേറിയ ആ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 80.53 ആയിരുന്നു. സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്നും നിലനില്‍ക്കുന്ന റെക്കോര്‍ഡ് പോളിംഗ് ശതമാനമായിരുന്നു 1987ലെ തിരഞ്ഞെടുപ്പിലേത്.