പാലക്കാട് : എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണ്. പ്രസ്താവന ഞെട്ടിച്ചുവെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോള്‍ ഗൂഢാലോചന വ്യക്തമായിയെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരന്‍ നായര്‍ ഇത് ചെയ്‌തത്. സുകുമാരന്‍ നായര്‍ പറഞ്ഞാലുടന്‍ സാധാരണ നായന്മാര്‍ കേള്‍ക്കുമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി. സുകുമാരന്‍ നായര്‍ പറഞ്ഞത് ആ സമുദായം കേള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരന്‍ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.